TMJ
searchnav-menu
post-thumbnail

Photo: Prasoon Kiran/ TMJ

Environment

ഉഷ്ണതരംഗ ഭീഷണിയുയർത്തി എൽ നിനോ: ചുട്ടുപൊള്ളി കേരളവും

11 Mar 2023   |   4 min Read
അനിറ്റ് ജോസഫ്‌

മാർച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ വേനൽ ചൂട് തീഷ്ണമാകുമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. അസഹനീയമായ ചൂടിന് പുറമെ പകർച്ചവ്യാധികൾ അടക്കമുള്ള രോഗങ്ങളും വ്യാപകമാകുമെന്ന ആശങ്കകളും ആരോഗ്യ പ്രവർത്തകർ പങ്ക് വയ്ക്കുന്നു. ഉഷ്ണതരംഗം സൂര്യതാപം എന്നിവയുടെ മുന്നറിയിപ്പുകൾ രാജ്യത്താകമാനം നല്കിത്തുടങ്ങി. കേരളത്തിലെ വടക്കൻ ജില്ലകളിലാണ് ചൂട് കഠിനമാവുകയെന്നു റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിൽ പകൽ മൂന്ന് മുതൽ അഞ്ചുഡിഗ്രി വരെ കൂടാമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനു പിന്നാലെ കണ്ണൂരിൽ വെള്ളിയാഴ്ച ചൂട് 42.1 ഡിഗ്രി സെൽഷ്യസിലെത്തി.  

1901 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരി ആയിരുന്നു കഴിഞ്ഞുപോയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തുകയുണ്ടായി. അതോടൊപ്പം, തുടർച്ചയായ മൂന്ന് വർഷത്തെ ലാ നിന പ്രതിഭാസത്തിനു ശേഷം എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നുവെന്ന മുന്നറിയിപ്പും വേൾഡ് മീറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റ് നല്കിയിരിക്കുകയാണ്. ഇതുമൂലം ലോകവ്യാപകമായി താപനില ഉയരുമെന്ന് ചുരുക്കം.  


Representaional Image

'ലാ നിന'-'എൽ നിനോ' പ്രതിഭാസങ്ങൾ
 
ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനങ്ങളുണ്ടാക്കുന്ന ഈ പ്രതിഭാസങ്ങൾ മനുഷ്യരാശിക്ക് വെല്ലുവിളിയുയർത്തുന്നതാണ്. പസഫിക്കിന്റെ തീരത്തു ഭൂമധ്യ രേഖയോട് ചേർന്ന് മധ്യകിഴക്കൻ ഭാഗത്ത് അസാധാരണമായി താപനില ഉയരുന്നതാണ് എൽ നിനോ പ്രതിഭാസം. ഇതുമൂലം ചൂടേറിയതും നീണ്ടുനിൽക്കുന്നതുമായ വേനൽക്കാലമായിരിക്കും ഏഷ്യൻ രാജ്യങ്ങളിൽ അനുഭവപ്പെടുക. ഒപ്പം മഴയുടെ ലഭ്യതയും, മഴക്കാലത്തിന്റെ ദൈർഘ്യവും കുറയുന്നു. ഇതിനു വിപരീതമായി പസഫിക്ക് മേഖലയിൽ കുറഞ്ഞ താപനില രൂപപ്പെടുന്നതാണ് ലാ നിന പ്രതിഭാസം. നീണ്ടുനിൽക്കുന്ന മഴയും തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനുമെല്ലാം ഇവ കാരണമാകുന്നു. 2022ലെ പാക്കിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കം ഇതിനുദാഹരണമാണ്.

ഭൂമിയുടെ ആകെ താപനിലയിലുണ്ടായ വർധനവാണ് കാലാവസ്ഥാ പ്രതിഭാസങ്ങളായ എൽ നിനോയും ലാ നിനയും. ഇവ മൂലമുണ്ടാകുന്ന അത്യുഷ്ണവും, വെള്ളപ്പൊക്കവും പോലുള്ള    സംഭവങ്ങളുടെ എണ്ണവും വ്യാപ്തിയും ക്രമാതീതമായി ഉയർന്നുവെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചൂടു വർധിക്കും തോറും എൽ നിനോയുടെ ഇടവേള കുറഞ്ഞു വരുന്നതും വ്യക്തമാണ്. 90 കളുടെ തുടക്കം വരെ 6 മുതൽ 8 വർഷം വരെയായിരുന്നു സാധാരണ എൽ നിനോ വരുന്നതിന്റെ ഇടവേള. എന്നാലിപ്പോൾ ഇടവേളയുടെ സമയം കുറഞ്ഞുവരികയാണ്. എൽ നിനോ പ്രതിഭാസത്തിന്റെ തിരിച്ചുവരവിലൂടെ മാർച്ച് മുതൽ മെയ് മാസം വരെ രൂക്ഷമായ താപവർധന പ്രവചിക്കുന്നുണ്ട്. ചൂടിന് കുറച്ച് ശമനം വരുമെങ്കിലും ഏപ്രിൽ മുതൽ ആഗസ്റ്റ് മാസങ്ങളിൽ എൽ നിനോ പ്രതിഭാസം അനുഭവപ്പെടുന്നതായിരിക്കും.

 
2022 ല്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഉണ്ടായ വെള്ളപ്പൊക്കം | Image: UNICEF/Asad Zaidi


എൽ നിനോ ഭാവിയിലേയ്ക്ക് തുടർന്നാൽ വരുന്ന ഒന്നര വർഷത്തിനു ശേഷം വീണ്ടും അന്തീക്ഷ താപനില വർധിക്കുന്നതിനുള്ള സാഹചര്യവും ഗവേഷകർ തള്ളിക്കളയുന്നില്ല. ലാ നിന പ്രതിഭാസം അവസാനിക്കുന്നുവെങ്കിലും അടുത്ത ഒരു വർഷത്തേയ്ക്ക് കൂടെ മഴയ്ക്കുള്ള സാധ്യതയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമുണ്ടായ ലാ നിന പ്രതിഭാസം അന്തരീക്ഷത്തെ താല്കാലികമായി തണുപ്പിച്ചെങ്കിലും കഴിഞ്ഞ എട്ടു വർഷമാണ് ലോകത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടതെന്നും പരാമർശിച്ചു. എൽ നിനോ ഇന്ത്യോനേഷ്യ, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വരൾച്ചയ്ക്കും വിളനാശത്തിനും കാരണമാകാറുണ്ട്. ലോകത്തെ ദാരിദ്ര്യം വർധിപ്പിക്കുന്നതിന് എൻ നിനോ കാരണമാകുമെന്ന് യു എൻ മുന്നറിയിപ്പ് നല്കിയിരുന്നു. സുഡാൻ, എറിത്രിയ, എത്യോപ്യ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളിൽ എൽ നിനോ വരൾച്ചയ്ക്കും കെനിയ, സൊമാലിയ, ഉഗാണ്ട് എന്നീ രാജ്യങ്ങളിൽ വെള്ളപ്പൊക്കവുമാണ് എൽ നിനോ കാരണമാകുക.  
   
ചൂടായി കേരളവും

ലാ നിനാ പ്രതിഭാസത്തിലൂടെ കനത്ത മഴയും വെള്ളപ്പൊക്കവും കേരള സമൂഹത്തിന് മറക്കാനാവുന്നതല്ല. 2018ലെ അപ്രതീക്ഷിത പ്രളയത്തിൽ പകച്ചു നിന്നെങ്കിലും ഒന്നിച്ചുളള പ്രവർത്തനത്തിലൂടെ ആളപായം കുറയ്ക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ പിന്നീടുള്ള 2 വർഷങ്ങളിലും വെള്ളപ്പൊക്കം തുടർക്കഥയാവുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടാകുന്ന മഴയും അളവിൽ കൂടുതൽ വെള്ളം കെട്ടിനിന്നതും അതുവരെ വെള്ളപ്പൊക്ക ഭീഷണി ഇല്ലാതിരുന്ന സ്ഥലങ്ങളെക്കൂടി വെള്ളത്തിനടിയിലാക്കി. കാർഷിക, വ്യാവസായിക മേഖലയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടവും പ്രളയം മൂലമുണ്ടായി. എന്നാൽ എൽ നിനോ പ്രതിഭാസം വരുന്നതിലൂടെ വേനൽക്കാലവും കേരളത്തിൽ ശക്തമാകുമെന്നാണ് സംസ്ഥാന കാലാവസ്ഥാ വിദഗ്ദർ നല്കുന്ന മുന്നറിയിപ്പ്. മാർച്ച് മെയ് മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിലും കാലാവസ്ഥാ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കുമെന്നാണ് സൂചന. ചൂടിന്റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആദ്യമായി പ്രസീദ്ധീകരിച്ച താപസൂചിക ഭൂപടത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ അപകട മേഖലയിലാണ്. വെയിലത്ത് ഏറെ നേരം നിന്നാൽ സൂര്യതാപം ഏൽക്കാനുള്ള പ്രദേശങ്ങളാണ് ഇവ. മാത്രമല്ല തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചില ഭാഗങ്ങൾ സൂര്യതാപം ഉറപ്പുള്ള അതീവ ജാഗ്രത വിഭാഗത്തിലുമാണ്. കേരളത്തിലെ കാലാവസ്ഥയിൽ താപനില 36.5 ഡിഗ്രി സെൽഷ്യസും അന്തരീക്ഷ ഈർപ്പം 40% ആയാൽത്തന്നെ താപസൂചിക 40 കടക്കും. താപനില 37 ഡിഗ്രി സെൽഷ്യസും അന്തരീക്ഷ ഈർപ്പം 50% എന്നിങ്ങനെയായാൽ താപസൂചിക 46 ആകും. താപനിലയിലെ നേരിയ വർധന കൊണ്ടുപോലും സ്ഥിതി രൂക്ഷമാകുമെന്ന് അർത്ഥം.


Representational Image | TMJ/Prasoon Kiran


ഭക്ഷ്യക്ഷാമ ഭീഷണി നേരിട്ട് രാജ്യം


ലോകവ്യാപകമായുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ഇന്ത്യയെയും ബാധിക്കുന്നതാണ്. അപ്രതീക്ഷിതമായി വരുന്ന മഴയും വെള്ളപ്പൊക്കവും ദീർഘനാളത്തെ വരൾച്ചയുമെല്ലാം രാജ്യത്തെ  മിക്ക സംസ്ഥാനങ്ങളുടെയും പേടി സ്വപ്നമാണ്. ഇന്ത്യയിലെ ആദ്യ ഉഷണതരംഗ ജാഗ്രത ഫെബ്രുവരി മാസത്തിൽ തന്നെ കച്ച്, കൊങ്കൺ മേഖലകളിൽ പ്രവചിക്കുകയുണ്ടായി. 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഈ മേഖലകളിൽ രേഖപ്പെടുത്തിയത്. സാധാരണയായി മാർച്ച് മാസങ്ങളിൽ ഉയരുന്ന താപനിലയും അതിനെത്തുടർന്നുണ്ടാകുന്ന ഉഷ്ണതരംഗങ്ങളും നേരത്തെ വരുന്നത് കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളുടെ സൂചനകൾ മാത്രമാണ്. എൽ നിനോ പ്രതിഭാസം മൂലം ശക്തമായ വരൾച്ചയും കഠിനമായ ചൂടും ഏഷ്യൻ രാജ്യങ്ങളെയാകെ താളം തെറ്റിക്കുന്നതായി ഗവേഷകർ വെളിപ്പെടുത്തുകയുണ്ടായി. മാത്രമല്ല, ഏഷ്യയിലുടനീളം ഭക്ഷണത്തിനും വെള്ളത്തിനും ദൗർലഭ്യം നേരിടുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ 130 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 60% വരൾച്ചയുമുണ്ടായത് എൽ നിനോ പ്രതിഭാസം മൂലമായിരുന്നു. ഇതുമൂലം 6.6% എന്ന വളർച്ചാ നിരക്കിൽ നിന്ന് ജിഡിപി 5% ആയി കുറഞ്ഞിരുന്നു. നേരത്തെ 1972-73, 1982-83, 1997-98 വർഷങ്ങളിലാണ് എൽ നിനോ പ്രതിഭാസം ഇന്ത്യയിൽ രൂക്ഷമായിരുന്നത്.

2050ൽ കാലാവസ്ഥാ വ്യതിയാനം കാരണം അപകടം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ഓസട്രേലിയ ആസ്ഥാനമായുള്ള എക്സ് ഡി ഐ  ക്രോസ് ഡിപ്പൻഡൻസി ഇൻഷ്യേറ്റീവ് പുറത്തിറക്കിയ പഠന റിപ്പോർട്ടിലാണ് വെളിപ്പെടുത്തലുകളുള്ളത്. ആദ്യ 50 രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയിൽ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ബീഹാർ, ഉത്തർപ്രദേശ്, അസം എന്നീ 9 സംസ്ഥാനങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്ന പ്രദേശങ്ങൾ.  

താപനില വർധന ഇന്ത്യയിലെ കാർഷിക, ആരോഗ്യ മേഖലയെ സാരമായി ബാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശങ്ങളും നല്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിന് മഴ നിർണായകമാണ്. രാജ്യത്തെ വിളവെടുപ്പിന്റെ 50% പ്രദേശങ്ങളും ജലസേചനത്തിന് ആശ്രയിക്കുന്നത് മഴവെള്ളത്തിനെയാണ്. അതിനാൽത്തന്നെ, കാർഷിക മേഖലയിൽ ഈ പ്രതിഭാസമുണ്ടാക്കുന്ന ആഘാതം വലുതായിരിക്കും. റാബി, ഗോതമ്പ്, കർഷകർ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ മഴ മൂലം ദുരിതത്തിലായിരുന്നു. ഈ വർഷം ഉയർന്ന തോതിൽ ചൂട് കൂടിയാൽ വിള ലഭ്യത കുറയാനും സാധ്യതയുണ്ട്.  കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഇത്തരം മാറ്റങ്ങളിൽ കൃഷി രീതികൾ മാറ്റുന്നതിന് നിർബന്ധിതരാകുകയാണ് രാജ്യത്തെ കർഷകർ. വരാനിരിക്കുന്ന വെല്ലുവിളികൾ മുന്നിൽക്കണ്ട് വ്യക്തമായ പരിഹാരമാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് പ്രധാനം. ആരോഗ്യമന്ത്രാലയം നല്കിയിരിക്കുന്ന നിർദേശങ്ങൾ സ്വീകരിക്കുകയും വെള്ളം സംഭരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തിയും എൽ നിനോ പ്രതിഭാസത്തെ നേരിടാൻ രാജ്യം തയാറാകേണ്ടിയിരിക്കുന്നു.


#Environment
Leave a comment